കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാനയാത്ര ഭാഗികമായി പുനരാരംഭിക്കുന്നു

GCC News

രാജ്യത്തെ വ്യോമയാന മേഖലയിൽ, അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചു. ഓഗസ്റ്റ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ്, വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തോടെ മാർച്ച് 13 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ ആരംഭിച്ചതോടെ, അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കിയതായി കുവൈറ്റിലെ സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) ജൂൺ 29 തിങ്കളാഴ്ച അറിയിച്ചു. കുവൈറ്റ് ക്യാബിനറ്റ് ഈ രൂപരേഖയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 1-നു ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ 30 ശതമാനം വിമാന സർവീസുകളാണ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുക. ദിനവും പരമാവധി 10,000 യാത്രികരെ ഉൾകൊള്ളുന്ന 100 സർവീസുകളാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുക. ഓഗസ്റ് 1 മുതൽ 6 മാസത്തേക്കാണ് ആദ്യ ഘട്ടം പ്രവർത്തനങ്ങൾ നടത്തുന്നത്.

2021 ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ പരമാവധി 20,000 യാത്രികരെ ഉൾകൊള്ളുന്ന 200 വിമാന സർവീസുകൾക്കാണ് ദിനവും അനുവാദം നൽകുക. 6 മാസത്തിനു ശേഷം 2021 ഓഗസ്റ്റ് 1-ഓടെ പ്രതിദിനം 30,000-ത്തിൽ പരം യാത്രികരെ ഉൾകൊള്ളുന്ന നിലയിലേക്ക് വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും CGC അറിയിച്ചു.

Cover Photo: Adrian Pingstone [https://commons.wikimedia.org/wiki/User:Arpingstone]