കുവൈറ്റ്: കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ്; ഹോട്ടലുകൾ, ടാക്സി സേവനങ്ങൾ തുടങ്ങിയവ പുനരാരംഭിക്കും

GCC News

രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മൂന്നാം ഘട്ട ഇളവുകൾ കുവൈറ്റിൽ ജൂലൈ 28, ചൊവ്വാഴ്ച മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കർഫ്യു സമയങ്ങൾ ചുരുക്കാനും, കൂടുതൽ സാമൂഹിക, വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റിൽ നിലവിലുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ, ജൂലൈ 28 മുതൽ ദിനവും 6 മണിക്കൂറാക്കി ചുരുക്കാൻ കുവൈറ്റ് കാബിനറ്റ് തീരുമാനിച്ചു. ചൊവ്വാഴ്ച മുതൽ രാത്രി 9 മുതൽ പുലർച്ചെ 3 വരെയായിരിക്കും കർഫ്യു നിയന്ത്രണങ്ങൾ എന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (CGC) അറിയിച്ചിട്ടുണ്ട്.

ജൂലൈ 28 മുതലുള്ള ഇളവുകളുടെ ഭാഗമായി കൂടുതൽ വാണിജ്യ, സാമൂഹിക പ്രവർത്തനങ്ങൾ അനുവദിക്കാനും കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാം. ഹോട്ടലുകൾ, റിസോർട്ടുകൾ, ടാക്സി സേവനങ്ങൾ മുതലായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി രാജ്യത്തെ പള്ളികൾ തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏതാനം പള്ളികൾക്ക് മാത്രമാണ് തുറക്കാൻ അനുവാദം നൽകിയിരുന്നത്.