കുവൈറ്റ്: 2021 ജനുവരി 1 മുതൽ ജനുവരി 11 വരെ വർക്ക് പെർമിറ്റുകൾ പുതുക്കുന്ന സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനം

GCC News

2021 ജനുവരി 1 മുതൽ 11 വരെയുള്ള കാലയളവിൽ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്ന സേവനങ്ങൾ ലഭ്യമാകില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോറിറ്റി ഇത്തരം സേവനങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്.

ജനുവരി 1 മുതൽ 12 വരെയുള്ള കാലയളവിൽ സാധുത അവസാനിക്കുന്ന വർക്ക് പെർമിറ്റുകൾ പുതുക്കുന്ന നടപടികൾ ഉടൻ തന്നെ പൂർത്തിയാക്കാനും അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനം പ്രാവർത്തികമാക്കുന്ന ജനുവരി 1 മുതൽ 12 വരെയുള്ള കാലയളവിൽ വർക്ക് പെർമിറ്റ് പുതുക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പൂർണ്ണമായും തടസപ്പെടുമെന്നും, ഇതിനാൽ ഈ കാലയളവിൽ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്ന സേവനങ്ങൾ ലഭിക്കില്ലെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ ഡിജിറ്റൽ സംവിധാനം 2021 ജനുവരി 12 മുതൽ പ്രവർത്തനമാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. നിലവിൽ അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഫയലുകളുടെ നമ്പറുകൾക്ക് മാറ്റം വരുമെന്നും, സ്ഥാപനങ്ങൾക്ക് പുതിയ സംവിധാനത്തിലൂടെ ഇത് ലഭ്യമാകുമെന്നും അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.