കുവൈറ്റ്: ഡിസംബർ 26 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പുതിയ പ്രവേശന നിബന്ധനകൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം

GCC News

2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ഡിസംബർ 20-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, 2021 ഡിസംബർ 26 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നതാണ്:

  • യാത്രികർ കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. നേരത്തെ 72 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ ഫലങ്ങൾ കുവൈറ്റ് അംഗീകരിച്ചിരുന്നു.
  • മുഴുവൻ യാത്രികർക്കും കുവൈറ്റിൽ പ്രവേശിച്ച ശേഷം 10 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. എന്നാൽ യാത്രികർക്ക് ആവശ്യമെങ്കിൽ, കുവൈറ്റിൽ എത്തി 72 മണിക്കൂർ പൂർത്തിയാക്കിയ ശേഷം നടത്തുന്ന PCR പരിശോധനയിൽ ലഭിക്കുന്ന നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് കൊണ്ട് ഈ ഹോം ക്വാറന്റീൻ അവസാനിപ്പിക്കാമെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.