കുവൈറ്റ്: സെപ്റ്റംബറോടെ 2 ദശലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

2021 സെപ്റ്റംബറോടെ രാജ്യത്തെ ഏതാണ്ട് 2 ദശലക്ഷം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ അൽ സബാഹ് വ്യക്തമാക്കി. തിങ്കളാഴ്ച്ച ഒരു യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2021 ഏപ്രിൽ മാസത്തോടെ ഏതാണ്ട് ഒരു ദശലക്ഷം പേർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ കുവൈറ്റിൽ 4 ലക്ഷത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇതിൽ രാജ്യത്തെ പകുതിയോളം പ്രായമായവരും, കാൽഭാഗത്തോളം പ്രായമായ പ്രവാസികളും ഉൾപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.

അടുത്ത ആറ് മാസത്തിനിടയിൽ രാജ്യത്തെ പകുതിയിലധികം പേർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വാക്സിൻ ഉത്പാദകരുടെ ഭാഗത്ത് നിന്ന് കൃത്യമായി വാക്സിൻ ലഭ്യമാക്കുന്നതിനുള്ള സഹകരണം ഈ ലക്‌ഷ്യം കൈവരിക്കുന്നതിന് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ പേരിലേക്ക് വാക്സിനേഷൻ പ്രവർത്തനങ്ങൾ എത്തുന്നതോടെ സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ ജീവനക്കാർക്ക് വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ മെയ് മാസത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.