രാജ്യത്തെ വാണിജ്യ വസ്തുക്കളുടെ വില സംബന്ധിച്ച പരാതികൾ, വാണിജ്യ മേഖലയിൽ ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള മറ്റു പരാതികൾ എന്നിവ വാണിജ്യ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ കുവൈറ്റ് അധികൃതർ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു. കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം പരാതികൾ സഹേൽ ആപ്പിലൂടെ അറിയിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. വിപണിയിലെ അന്യായമായുള്ള വിലക്കയറ്റം തടയുന്നതിനായി പ്രത്യേക പരിശോധനാ സംഘങ്ങൾ രാജ്യത്തുടനീളം വാണിജ്യ വസ്തുക്കളുടെ വിലവിവരങ്ങൾ തുടർച്ചയായി പരിശോധിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.