രാജ്യത്തെ ഭക്ഷ്യമേഖലയിൽ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റി തീരുമാനിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. ഒക്ടോബർ 4-ന് രാത്രിയാണ് അധികൃതർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
കൃഷിത്തോട്ടങ്ങൾ, ഭക്ഷ്യശാലകൾ, ബേക്കറികൾ, മത്സ്യബന്ധനം മുതലായ മേഖലകളിലേക്കാവശ്യമായ വർക്ക് പെർമിറ്റുകൾ, കൊമേർഷ്യൽ വിസിറ്റ് വിസ എന്നിവ ഉപയോഗിച്ച് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇത്തരത്തിൽ ഒഴിവാക്കിയിട്ടുള്ളത്. കന്നുകാലികള്‍, ചെമ്മരിയാട്, കോഴി, താറാവ് മുതലായവയെ വളർത്തുന്ന ഇടങ്ങൾ, ക്ഷീരോത്‌പാദന കേന്ദ്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ ഉല്പാദിപ്പിക്കുകയും, കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, കുടിവെള്ളം, പഴച്ചാറുകൾ മുതലായവയുടെ ബോട്ടിലിംഗ് കമ്പനികൾ തുടങ്ങിയവയ്ക്കും ഈ ഇളവ് നൽകിയിട്ടുണ്ട്.
രാജ്യത്തെ രോഗവ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം.ഇത്തരം മേഖലകളിലേക്ക് വിദേശത്ത് നിന്നുള്ള തൊഴിലാളികളെ എത്തിക്കുന്ന അവസരത്തിൽ കുവൈറ്റിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.