കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശോധനകളുടെ ആദ്യ ആഴ്ച്ചയിൽ, ജനറൽ ട്രാഫിക് വകുപ്പ് ഇത്തരത്തിലുള്ള ഏതാണ്ട് 3000 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ടാണ് ഇവ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഈ ഡ്രൈവിംഗ് ലൈസൻസുകളുടെ ഉപയോഗം തടഞ്ഞതായും, ഇവയെ റദ്ദ് ചെയ്യുന്നതിനായുള്ള പട്ടികയിലേക്ക് ഉൾപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരിക്കുന്ന ഈ ലൈസൻസുകളിൽ വർക്ക് പെർമിറ്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയാകുന്നതിന് ചുരുങ്ങിയത് രണ്ട് മാസത്തെ കാലാവധി വേണ്ടിവരുമെന്നാണ് അറിയാൻ കഴിയുന്നത്.
ഇത്തരം ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന 2022 ഒക്ടോബർ പകുതിയോടെ കുവൈറ്റിൽ ആരംഭിച്ചിരുന്നു. നിയമം ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ള പ്രവാസികളെ വിളിച്ച് വരുത്തുമെന്നും, ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നേക്കുമായി റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.