രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) അറിയിച്ചു. SGNC സെക്രട്ടറി ജനറൽ H.E. ഷെയ്ഖ് സബാ ഹംദാൻ അൽ സാദിയാണ് ഇക്കാര്യം അറിയിച്ചത്.
മസ്കറ്റ്, ദോഫാർ, മുസന്ദം ഗവർണറേറ്റുകളിലാണ് ഈ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. താഴെ പറയുന്ന പ്രകാരമാണ് ഈ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്:
- നവംബർ 18-ന് രാത്രി 8 മണിക്ക് മസ്കറ്റിലെ അമീറത് പാർക്കിലും, സലാലയിലെ സഹേൽ ഇത്തിനിലും ലേസർ, ഡ്രോൺ പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
- നവംബർ 18-ന് ഉച്ചയ്ക്ക് 2 മണിമുതൽ വൈകീട്ട് 5 മണിവരെ സലാലയിലെ സഹേൽ ഇത്തിനിൽ പ്രത്യേക പട്ടം പറത്തൽ പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
- നവംബർ 19-ന് രാത്രി 8 മണിക്ക് മസ്കറ്റിലെ ഖൗദ് ഡാം പ്രദേശത്തും, മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിലും ലേസർ, ഡ്രോൺ പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
- നവംബർ 20, 21 തീയതികളിൽ സീബ് ബീച്ച്, അസായ്ബ ബീച്ച് എന്നിവിടങ്ങളിൽ പ്രത്യേക പട്ടം പറത്തൽ പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
ദേശീയ ദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് 2022 നവംബർ 8-ന് അറിയിച്ചിരുന്നു.