അബുദാബി: COVID-19 ടെസ്റ്റ് റിസൾട്ടിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ നിയമ നടപടി

UAE

COVID-19 ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ, അബുദാബി പോലീസ്, നിയമ നടപടികൾക്കായി ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തു. ഇത്തരത്തിൽ കൃത്രിമമായി തയാറാക്കിയ സന്ദേശങ്ങൾ ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷൻ ഡയറക്ടർ സലെം അൽ സാബിയാണ് ഇക്കാര്യം അറിയിച്ചത്.

സമൂഹത്തിലെ രോഗവ്യാപനം തടയുന്നതിനും പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുമായി സർക്കാർ കൈക്കൊള്ളുന്ന നടപടികൾ പാലിക്കുന്നതിലെ വീഴ്ചകൾ ആയി കണക്കാക്കിയാണ് ഇവർക്കെതിരെ നിയമ നടപടികൾ എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരെ തടവിലാക്കുകയും, ഇവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമനടപടികൾ ഒഴിവാക്കുന്നതിനായി അധികൃതർ നിർദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വീഴ്ചകൾ കൂടാതെ നടപ്പിലാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.