ഹജ്ജ് 2022: ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച അറിയിപ്പ്

Saudi Arabia

2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ, ആവശ്യമായ ഡോസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്. ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർ COVID-19 വാക്സിന്റെ ആവശ്യമായ മുഴുവൻ ഡോസുകളും നിർബന്ധമായും സ്വീകരിച്ചരിക്കേണ്ടതാണെന്ന് സൗദി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യ താഴെ പറയുന്ന പത്ത് COVID-19 വാക്സിനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്:

  • ഫൈസർ ബയോഎൻടെക് – 2 ഡോസ്.
  • മോഡർന – 2 ഡോസ്.
  • ഓക്സ്ഫോർഡ് ആസ്ട്രസെനേക – 2 ഡോസ്.
  • ജാൻസ്സൻ – ഒരു ഡോസ്.
  • കോവോവാക്സ് – 2 ഡോസ്.
  • നുവാക്സോവിഡ് – 2 ഡോസ്.
  • സിനോഫാം – 2 ഡോസ്.
  • സിനോവാക് – 2 ഡോസ്.
  • കോവാക്സിൻ – 2 ഡോസ്.
  • സ്പുട്നിക് V – 2 ഡോസ്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) നേരത്തെ അറിയിപ്പ് നൽകിയിരുന്നു.