രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 ഏപ്രിൽ 6-ന് വൈകീട്ടാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗദി അറേബ്യയുടെ എല്ലാ പ്രദേശങ്ങളിലെയും കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ടെന്ന് MHRSD വ്യക്തമാക്കി. ഇത് സംബന്ധിച്ച നിബന്ധനകൾ 2023 ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും, ഇതിനായി അനുവദിച്ച് നൽകിയിരുന്ന അധികസമയം ഏപ്രിൽ 6-ന് അവസാനിച്ചതായും MHRSD ചൂണ്ടിക്കാട്ടി.
സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതിന്റെ ആദ്യ ഘട്ടത്തിൽ കൺസൾട്ടൻസി മേഖലയിലെ കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് പദവികളിലുള്ള തൊഴിലുകളിൽ 30 ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കിയിരിക്കുന്നത്.
കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ച് കൊണ്ടുള്ള ഒരു ഉത്തരവ് HRSD വകുപ്പ് മന്ത്രി അഹ്‌മദ് അൽ രജ്‌ഹി 2022 ഒക്ടോബർ 11-ന് പുറത്തിറക്കിയിരുന്നു. തുടർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നതിന് MHRSD അധികസമയം അനുവദിക്കുകയായിരുന്നു.
രാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിലും, തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി MHRSD 2023 ഏപ്രിൽ 2-ന് അറിയിച്ചിരുന്നു.
Cover Image: Pixabay.