മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇന്ന് (ഒക്ടോബർ 1, വ്യഴാഴ്‌ച്ച) മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഒക്ടോബർ 1-ന് രാവിലെ ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളിലെ ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് സഹായകമാകുന്ന മാപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, സലാല വിമാനത്താവളത്തിലും എത്തുന്നവർക്ക്, വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ ഈ ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിലൂടെ കൊറോണ വൈറസ് രോഗബാധ കണ്ടെത്താവുന്നതാണ്. 19 റിയാലാണ് ഈ ടെസ്റ്റിന് ഈടാക്കുന്നത്.
ഇത്തരം ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് പരിശോധിക്കാൻ താത്പര്യമുള്ളവർക്ക് https://covid19.moh.gov.om/#/ob-drivethru എന്ന വിലാസത്തിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ 24 മണിക്കൂറിനകം SMS-ലൂടെയോ ഇമെയിലിലൂടെയോ ലഭിക്കുന്നതാണ്.
വിദേശത്തു നിന്നെത്തുന്ന യാത്രികരുടെ പരിശോധനകൾക്കായുള്ള PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ വിമാനത്താവളങ്ങൾക്കുള്ളിൽ തന്നെ ഉണ്ടായിരിക്കുന്നതാണ്. ഒമാനിലെത്തുന്ന യാത്രികർക്ക് ‘Tarssud+’ ആപ്പിൽ രജിസ്റ്റർ ചെയ്‌ത ശേഷം, മുൻകൂറായി ഈ പരിശോധനകൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.