ഒമാൻ: മസ്‌കറ്റിലെ ലോക്ക്ഡൌൺ മെയ് 29 മുതൽ ഒഴിവാക്കാൻ തീരുമാനം

GCC News

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 29, വെള്ളിയാഴ്ച്ച മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. മത്ര പ്രവിശ്യ ഒഴികെ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും. COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 10 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൗൺ ഏർപെടുത്തിയിരിക്കുകയാണ്.

മത്രയിൽ ഏർപ്പെടുത്തിയിട്ടുള്ള ഐസൊലേഷൻ തുടരാൻ തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി. മത്രയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുന്നതാണെന്നും, നിലവിൽ ആരോഗ്യ കാരണങ്ങളാൽ ഏർപ്പെടുത്തിയിട്ടുള്ള ഐസൊലേഷൻ തുടരുമെന്നും അധികൃതർ അറിയിച്ചു. മാർച്ച് 31-നാണ് മത്ര പ്രവിശ്യയിൽ COVID-19 സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഒമാനിലെ കൊറോണാ വൈറസ് പ്രതിരോധ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിലെ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് ഓഫീസുകളിൽ ഹാജരാകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. COVID-19 വ്യാപനം തടയുന്നതിനായി ഒമാനിലെ സർക്കാർ മേഖലയിൽ ജീവനക്കാർക്ക് ഓഫീസുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിൽ ഇളവുകൾ അനുവദിക്കാനും, മെയ് 31, ഞായറാഴ്ച്ച മുതൽ ഓരോ സർക്കാർ സ്ഥാപനങ്ങളിലും 50 ശതമാനമെങ്കിലും ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.