ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ജൂലൈ 20 വരെ ശക്തമായ മഴ തുടരും

Oman

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി. അൽ ശർഖിയ, അൽ വുസ്ത, ധോഫർ മുതലായ ഗവർണറേറ്റുകളിൽ കാറ്റോട് കൂടിയ മഴ ജൂലൈ 20, തിങ്കളാഴ്ച്ച വരെ തുടരാമെന്ന് PACA കാലാവസ്ഥാ അറിയിപ്പിൽ പറയുന്നുണ്ട്.

ഈ ഗവർണറേറ്റുകളിലെല്ലാം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി കനത്ത മഴയും, ഇടിമിന്നലും ഉണ്ടാകുന്നതിനുള്ള സാധ്യതയുള്ളതായും, 40 മുതൽ 80 mm വരെ മഴ ലഭിക്കാമെന്നും PACA അറിയിച്ചിട്ടുണ്ട്. കാറ്റ്, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അറബിക്കടലിന്റെ തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും, കടലോരമേഖലയിലും ജാഗ്രത പാലിക്കണമെന്നും, പെട്ടന്നുള്ള വെള്ളപൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങൾ ഒഴിവാക്കാനും, കടലിൽ പോകരുതെന്നും PACA നിർദ്ദേശിച്ചിട്ടുണ്ട്.