‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’: രണ്ട് ദിവസത്തിനിടയിൽ 58000-ത്തിലധികം സന്ദർശകർ

GCC News

അബുദാബിയിൽ നടക്കുന്ന നാലാമത് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ ഫോറത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 58000-ത്തിലധികം സന്ദർശകരെത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി (MoIAT) അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. നാല് ദിവസം നീണ്ട് നിൽക്കുന്ന ഈ ഫോറത്തിൽ ആകെ പ്രതീക്ഷിച്ചിരുന്നതിലും ഇരട്ടി സന്ദർശകർ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം എത്തിയതായി അദ്ദേഹം അറിയിച്ചു.

ഈ ഫോറത്തിൽ ആകെ മുപ്പതിനായിരം സന്ദർശകരെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാൽ നിലവിൽ ഓരോ ദിവസവും മുപ്പതിനായിരത്തോളം സന്ദർശകരെത്തുന്നതായും ആദ്യ രണ്ട് ദിവസത്തെ സന്ദർശകരുടെ കണക്കുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് നാലാമത് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ നടക്കുന്നത്. 2025 മെയ് 19-ന് ആരംഭിച്ച നാലാമത് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ മെയ് 22-ന് സമാപിക്കും.