എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും, ടൂറിസം കേന്ദ്രങ്ങളിലും, വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് DCT പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ വിജ്ഞാപന പ്രകാരം, എമിറേറ്റിൽ നിലവിൽ വന്നിട്ടുള്ള പുതുക്കിയ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാ ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങൾ, സാംസ്‌കാരിക, വിനോദ കേന്ദ്രങ്ങൾ എന്നിവ ബാധ്യസ്ഥരാണെന്ന് DCT ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അബുദാബിയിലെ ടൂറിസം മേഖലയുടെയും, വാണിജ്യ മേഖലയുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു തീരുമാനം.
https://tcaabudhabi.ae/DataFolder/Circulars/Circular%2016_2022_COVID-19%20Updated%20Measures.pdf?utm_source=DCT+Social&utm_medium=Social+&utm_campaign=Covid19_Circular എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള ഈ വിജ്ഞാപന പ്രകാരം അബുദാബിയിലെ ഹോട്ടലുകളിലും മറ്റും താഴെ പറയുന്ന സുരക്ഷാ നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്:
- വാക്സിനെടുത്തവർക്കും, ഇതിൽ ഇളവുകളുള്ളവർക്കും അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസത്തേക്കായിരിക്കും. വാക്സിനെടുക്കാത്തവർക്ക് ഇത് ഏഴ് ദിവസമായിരിക്കും.
- വിവിധ പരിപാടികൾ നടക്കുന്ന വേദികളിലേക്ക് ഉൾപ്പടെ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിബന്ധനകൾ പാലിക്കേണ്ടതാണ്.
- എമിറേറ്റിലെ പൊതു ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ), ഏതാനം ഇടങ്ങളിലൊഴികെ, മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. എന്നാൽ ഫുഡ് ഡെലിവറി സേവനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, COVID-19 രോഗബാധ സംശയിക്കുന്നവർക്കും മാസ്കുകൾ നിർബന്ധമാണ്. വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, പ്രായമായവർ എന്നീ വിഭാഗങ്ങൾ സുരക്ഷ മുൻനിർത്തി മാസ്കുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഈ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിച്ചിരുന്നു.