ഒമാൻ: വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നം ആരംഭിച്ചു; രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

GCC News

രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായി. ഒമാൻ സുപ്രീം കമ്മിറ്റി ചെയർമാൻ H.E. സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദി ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലെക്സിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ജൂൺ 6-ന് രാവിലെ നേരിട്ടെത്തി രാജ്യത്തെ വാക്സിനേഷൻ നടപടികൾ വിലയിരുത്തുകയുണ്ടായി. ഇദ്ദേഹത്തോടൊപ്പം മറ്റു സുപ്രീം കമ്മിറ്റി അംഗങ്ങളും ഈ കേന്ദ്രം സന്ദർശിച്ചു.

ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്ന മുൻഗണനാ ക്രമപ്രകാരം കൂടുതൽ പേരിലേക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കുന്ന വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്.

താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഈ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ 2021 ജൂൺ മാസം മുതൽ ഒമാനിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:

  • ഹജ്ജ് തീർത്ഥാടകർ.
  • 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾ.
  • മുസന്ദം ഗവർണറേറ്റിലെ മുഴുവൻ പൗരന്മാർക്കും.
  • ഇതുവരെ വാക്സിനെടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, സൈനികർ, മറ്റു സെക്യൂരിറ്റി ജീവനക്കാർ, സർക്കാർ ജീവനക്കാർ, റോയൽ ഒമാൻ പോലീസ് അംഗങ്ങൾ, സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ.
  • പരീക്ഷയെഴുതുന്ന പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, പരീക്ഷകളുടെ സൂപ്പർവൈസർ ചുമതലയുള്ള ജീവനക്കാർ.
  • ഓയിൽ, ഗ്യാസ്, എയർപോർട്ട് മുതലായ പ്രവർത്തനമേഖലകളിലെ ജീവനക്കാർ.

45 വയസ്സിന് മുകളിൽ പ്രായമുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ജൂണിലെ മൂന്നാമത്തെ ആഴ്ച്ച മുതൽ കുത്തിവെപ്പ് നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായവ തങ്ങളുടെ ജീവനക്കാർക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഒമാനിലെ വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 1144 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലൊഴികെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സേവനങ്ങൾ ലഭിക്കുന്നതാണ്.

ജൂൺ മാസത്തിൽ ഒന്നേകാൽ ദശലക്ഷത്തോളം ഡോസ് വാക്സിൻ ഒമാനിൽ എത്തുന്ന സാഹചര്യത്തിലാണ് ഒമാനിലെ വാക്സിനേഷൻ നടപടികൾ കൂടുതൽ വിപുലമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇതിൽ രണ്ട് ലക്ഷം ഡോസ് വാക്സിൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്ത് എത്തിയിരുന്നു. രാജ്യത്തെ ഏതാണ്ട് 70 ശതമാനം പേർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വാക്സിനേഷൻ നടപടികൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപകമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ടായിരുന്നു.

രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ഒമാനിൽ ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി ജൂൺ 6-ന് രാവിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പാണ് ഇത്തരത്തിൽ നൽകുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന വാക്സിൻ കുത്തിവെപ്പിനർഹരായവരെ മന്ത്രാലയം നേരിട്ട്
ബന്ധപ്പെടുന്ന മുറയ്‌ക്കാണ്‌ വാക്സിൻ നൽകുന്നത്.