സൗദി ദേശീയദിനത്തിന്റെ സ്മരണയ്ക്കുള്ള ഒരു ഔദ്യോഗിക സ്‌മാരകസ്‌തംഭം ബഹ്‌റൈൻ ബേ ഏരിയയിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ഉദ്ഘാടനം ചെയ്തു. 2022 സെപ്റ്റംബർ 24-ന് വൈകീട്ടാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ ബേ ഡെവലപ്മെന്റ് വകുപ്പുമായി ചേർന്നാണ് BTEA ഈ ഔദ്യോഗിക സ്‌മാരകസ്‌തംഭം അനാച്ഛാദനം ചെയ്തത്.
ഉള്ളിൽ നിന്ന് പ്രകാശിക്കുന്ന എൽ ഇ ഡി വിളക്കുകളാൽ തീർത്ത അറബിക് കാലിഗ്രാഫി ഉൾകൊള്ളുന്ന രീതിയിലാണ് ഈ സ്‌മാരകസ്‌തംഭം നിർമ്മിച്ചിരിക്കുന്നത്.
മക്കയിലെ ഗ്രാൻഡ് മോസ്കിലെ പരിശുദ്ധ കഅബയുടെ ദിശയിൽ പ്രകാശം ചൊരിയുന്ന രീതിയിലുള്ള ഈ സ്‌മാരകസ്‌തംഭം ബഹ്‌റൈൻ ബേയിലെ ദി ഗാർഡൻസ് ഏരിയയിലാണ് സ്ഥിതിചെയ്യുന്നത്.
ഈ സ്‌മാരകസ്‌തംഭം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിന്റെ ഭാഗമായി സംഗീതമേള ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറി.
“സൗദി അറേബ്യയിലെ ഞങ്ങളുടെ സഹോദരങ്ങളെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതിനും, സൗദി ദേശീയദിനത്തിന്റെ ഭാഗമായി അവർക്ക് ആശംസകൾ ഏകുന്നതിനുമായാണ് ഈ സ്‌മാരകസ്‌തംഭം നിർമ്മിച്ചിരിക്കുന്നത്”, BTEA സി ഇ ഓ ഡോ. നാസ്സർ ഖഈദി അറിയിച്ചു. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി BTEA രാജ്യത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷ പരിപാടികളിലൊന്നാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് 2022 സെപ്റ്റംബർ 22-ന് BTEA തുടക്കമിട്ടിരുന്നു. മനാമ സൂഖിൽ വെച്ച് സംഘടിപ്പിക്കുന്ന, പത്ത് ദിവസം നീണ്ട് നിൽക്കുന്ന, ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22-ന് ആരംഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ ദിനവും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.