സൗദി: പള്ളികളിലും, സർക്കാർ ഓഫീസുകളിലുമെത്തുന്ന പുരുഷന്മാർ ഷോർട്സ് ധരിക്കുന്നതിന് വിലക്ക്

Saudi Arabia

രാജ്യത്തെ പള്ളികളിലും, സർക്കാർ ഓഫീസുകളിലും പുരുഷന്മാർ ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നത് പൊതു അന്തസ്സിന് നിരക്കാത്ത പ്രവർത്തിയായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മറ്റിടങ്ങളിൽ പുരുഷന്മാർക്ക് ഷോർട്സ് ധരിക്കുന്നതിന് വിലക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സൗദിയിലെ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച നിബന്ധനകളിൽ ഭേദഗതികൾ വരുത്തിയതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ആർട്ടിക്കിൾ 7, 9 എന്നിവയുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൗദ് ബിൻ നൈഫ് അടുത്തിടെ ഭേദഗതികൾ വരുത്തിയിരുന്നു.

ഈ ഭേദഗതികൾ പ്രകാരം, രാജ്യത്തെ സർക്കാർ ഓഫീസുകൾ, പള്ളികൾ എന്നിവിടങ്ങളിൽ ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നവർക്ക് 250 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.