ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം ലയണൽ മെസ്സി നേടി.
ഇതോടെ രണ്ട് തവണ ഗോൾഡൻ ബോൾ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരം എന്ന നേട്ടവും മെസ്സി സ്വന്തമാക്കി.
2014-ലെ ബ്രസീൽ ലോകകപ്പിലും ഗോൾഡൻ ബോൾ പുരസ്‌കാരം നേടിയത് മെസ്സിയായിരുന്നു.
2022 ലോകകപ്പിലെ സിൽവർ ബോൾ പുരസ്‌കാരം കെയ്‌ലിയൻ എംബപ്പേയും, ബ്രോൺസ് ബോൾ പുരസ്‌കാരം ലുക്കാ മോഡ്രിച്ചും സ്വന്തമാക്കി.
ഗോൾഡൻ ബൂട്ട്
ഖത്തർ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്ത താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം കെയ്‌ലിയൻ എംബപ്പേ കരസ്ഥമാക്കി.
ഫൈനലിലെ ഹാട്രിക് അടക്കം എട്ട് ഗോളുകളാണ് എംബപ്പേ സ്‌കോർ ചെയ്തത്.
ടൂർണമെന്റിൽ ആകെ ഏഴ് ഗോൾ നേടിയ മെസ്സി സിൽവർ ബൂട്ട് പുരസ്‌കാരം നേടിയപ്പോൾ ബ്രോൺസ് ബൂട്ട് പുരസ്‌കാരം ഫ്രാൻസിന്റെ ഒലിവർ ജിറൂദ് (4 ഗോൾ) കരസ്ഥമാക്കി.
ഗോൾഡൻ ഗ്ലോവ്
2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി.
മത്സരത്തിന്റെ അവസാന മിനിറ്റിൽ ഫ്രാൻസിന്റെ കുലോമാനിയുടെ ശക്തമായ ഒരു ഷോട്ട് തടഞ്ഞ മാർട്ടിനെസ് പെനാൽറ്റി ഷൂട്ട്ഔട്ടിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
ഈ ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ മാർട്ടിനെസ് ഗോൾ വഴങ്ങിയിരുന്നില്ല.
ഫിഫ യങ്ങ് പ്ലേയർ അവാർഡ്
ഖത്തർ 2022 ലോകകപ്പിലെ ഫിഫ യങ്ങ് പ്ലേയർ അവാർഡ് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് കരസ്ഥമാക്കി.
ടൂർണമെന്റിലുടനീളം ഈ ഇരുപത്തൊന്നുകാരൻ മിഡ്ഫീൽഡർ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ഈ ലോകകപ്പിലെ മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ദേശീയ ടീമിനായി തന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്ത എൻസോ ഫെർണാണ്ടസ്, മെസ്സിയ്ക്ക് (2006-ൽ) ശേഷം അർജന്റീനയ്ക്ക് വേണ്ടി ഒരു വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. പോളണ്ടിനെതിരായ മത്സരത്തിൽ ജൂലിയൻ അൽവാരെസ് നേടിയ ഗോളിന് വഴി തെളിച്ചതും എൻസോ ഫെർണാണ്ടസായിരുന്നു.
ഫിഫ ഫെയർ പ്ലേ ട്രോഫി
ഈ ലോകകപ്പിലെ ഫിഫ ഫെയർ പ്ലേ ട്രോഫി ഇംഗ്ളണ്ട് കരസ്ഥമാക്കി. കളിയിലെ മാന്യത നിലനിർത്തിക്കൊണ്ടുള്ള പ്രകടനം കാഴ്ച്ചവെക്കുന്ന ടീമിനാണ് ഈ അവാർഡ് നൽകുന്നത്.
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും, പ്രീ-ക്വാർട്ടർ മത്സരത്തിലും ഇംഗ്ലണ്ട് ടീമിനെതിരെ ഒരു മഞ്ഞ കാർഡ് പോലും ചുമത്തിയിരുന്നില്ല.
ഫ്രാൻസിനെതിരായ ക്വാർട്ടർ മത്സരത്തിലാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ മഞ്ഞ കാർഡ് വിധിച്ചത്. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ ഗ്രീസ്മാനെ ഫൗൾ ചെയ്തതിന് ഹാരി മഗ്വയറിനെതിരെയായിരുന്നു ഈ കാർഡ്.
Cover Image: Qatar News Agency.