രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 2022 മെയ് 25-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2022 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള ‘535/2015’ എന്ന ഔദ്യോഗിക തീരുമാന പ്രകാരമാണ് ഈ നടപടി.
ഈ തീരുമാന പ്രകാരം, ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിലെ ഇത്തരം തൊഴിലിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും, ഇത്തരം വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹ്മദ് അൽ മൗസ അറിയിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അതോറിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുന്നതാണ്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Photo: Kuwait News Agency.