സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 സെപ്റ്റംബർ 15-ന് അവസാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. 2025 സെപ്റ്റംബർ 15-ന് വൈകീട്ടാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നാഷണൽ കൗൺസിൽ ഫോർ ഒക്ക്യൂപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി ചേർന്നാണ് മന്ത്രാലയം ഇത് നടപ്പിലാക്കിയത്. 2025 ജൂൺ 15 മുതലാണ് മൂന്ന് മാസത്തേക്കുള്ള ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നത്.

ഈ കാലയളവിൽ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.

ഈ വർഷം 94 ശതമാനം സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി നടപ്പിലാക്കിയതായി MHRSD വ്യക്തമാക്കിയിട്ടുണ്ട്. 2024-ൽ 94.6 ശതമാനം സ്ഥാപനങ്ങളാണ് മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നത്.