രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു. 2022 സെപ്റ്റംബർ 15-ന് വൈകീട്ടാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യു എ ഇയിൽ ഈ വർഷത്തെ വേനലിലെ മദ്ധ്യാഹ്ന ഇടവേള നിയന്ത്രണങ്ങൾ 2022 ജൂൺ 15 മുതൽ ആരംഭിച്ചിരുന്നു. കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഈ ഇടവേള 2022 ജൂൺ 15 മുതൽ 2022 സെപ്റ്റംബർ 15 വരെ നീണ്ട് നിൽക്കുന്നതാണ്.
ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിന് ഈ നിയമം അനുശാസിക്കുന്നു. ഈ നിയമത്തിലെ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി MoHRE പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അമ്പത്തയ്യായിരത്തിലധികം പരിശോധനകൾ നടത്തിയതായും, 99 ശതമാനം സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി നടപ്പിലാക്കിയതായും MoHRE വ്യക്തമാക്കി.
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ അവർക്ക് ഏൽക്കാനിടയുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് മദ്ധ്യാഹ്ന ഇടവേള ലക്ഷ്യമിടുന്നത്. തുടർച്ചയായി പതിനെട്ടാം വർഷമാണ് MoHRE പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള രാജ്യത്ത് നടപ്പിലാക്കുന്നത്.