കുവൈറ്റ്: വ്യാപാരശാലകൾ അര്‍ദ്ധരാത്രിയോടെ അടയ്ക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

GCC News

രാജ്യത്തെ പാർപ്പിട മേഖലകളിലെ വ്യാപാരശാലകൾ അര്‍ദ്ധരാത്രിയോടെ അടയ്ക്കാനുള്ള ഔദ്യോഗിക തീരുമാനം കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് സംബന്ധിച്ച കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള എല്ലാ വ്യാപാരശാലകൾക്കും ഈ ഉത്തരവ് ബാധകമാണ്.

റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരശാലകൾക്കും ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. കോ-ഓപ്പറേറ്റീവിന് കീഴിലുള്ള സെൻട്രൽ മാർക്കറ്റുകൾ, ഫാർമസികൾ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി നേടിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമല്ല.