രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ ബ്രാൻഡുകളുടെ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് സുരക്ഷിതവും, ഫലപ്രദവുമാണെന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ഡോസ് കുത്തിവെപ്പെടുത്ത ശേഷം രണ്ടാം ഡോസായി മറ്റൊരു കമ്പനിയുടെ COVID-19 വാക്സിൻ നൽകുന്നത് രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും, ശരീരത്തിന് വൈറസിനെതിരെ ദീർഘനാളത്തേക്ക് പ്രതിരോധം തീർക്കുന്നതിനും സഹായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓക്സ്ഫോർഡ് ആസ്ട്രസെനെക, ഫൈസർ ബയോഎൻടെക്, ജോൺസൻ ആൻഡ് ജോൺസൻ, മോഡർന, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കാണ് സൗദിയിൽ ഔദ്യോഗിക അനുമതി നൽകിയിരിക്കുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഫൈസർ, ആസ്ട്രസെനെകാ എന്നീ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നു. യു കെ, ജർമ്മനി, കാനഡ മുതലായ രാജ്യങ്ങളിൽ ഈ രീതിയിൽ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഇതേ അറിയിപ്പ് സൗദി ആരോഗ്യ മന്ത്രാലയം ജൂലൈ മാസത്തിലും നൽകിയിരുന്നു. വിവിധ ബ്രാൻഡുകളുടെ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നും, ലോകത്തെ പല രാജ്യങ്ങളും ഈ നടപടിക്രമം പിന്തുടരുന്നുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അന്ന് അറിയിച്ചിരുന്നു.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് ജൂൺ 23-ന് സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് അംഗീകാരം നൽകിയിരുന്നു. ഇതോടെ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് സൗദി അംഗീകരിച്ചിട്ടുള്ള മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാം ഡോസായി സ്വീകരിക്കുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു.