എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി കൂടുതൽ വ്യക്തതകൾ നൽകി. ജൂൺ 29, തിങ്കളാഴ്ച്ച വൈകീട്ടാണ് അബുദാബിയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ എടുത്ത ടെസ്റ്റിന്റെ ഫലങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനാനുമതി നൽകുക എന്ന തീരുമാനം അറിയിച്ചത്. ഈ തീരുമാനം സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ അധികൃതർ ജൂലൈ 1-നു പുലർച്ചെ നൽകിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും, എന്തെല്ലാം ഇളവുകൾ ഇത് സംബന്ധമായി നൽകുന്നുണ്ടെന്നും ഈ അറിയിപ്പിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ COVID-19 പരിശോധനകൾ നടത്തിയ ശേഷം ലഭിക്കുന്ന പരിശോധനാ ഫലം എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാണ്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് മാത്രമേ എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. രോഗബാധിതർക്ക് അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഇളവുകൾ അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ:
- കാൻസർ, കിഡ്നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് അബുദാബിയിലെ ആശുപത്രികളിൽ ചകിത്സാ അനുവാദം ലഭിച്ചിട്ടുള്ളവർക്ക് ടെസ്റ്റ് റിസൾട്ട് ഇല്ലാതെ പ്രവേശിക്കാം.
- 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് അബുദാബിയിൽ പ്രവേശിക്കുന്നതിന് ടെസ്റ്റിംഗ് ആവശ്യമില്ല.
- മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, നയതന്ത്ര സ്ഥാപനങ്ങൾ മുതലായവയിലെ പ്രതിനിധികൾക്ക്, എമിറേറ്റിൽ പ്രവേശിക്കാൻ, രാവിലെ 6 മുതൽ രാത്രി 8 വരെ, 14 മണിക്കൂർ സാധുതയുള്ള ‘ഒരു ദിന പെര്മിറ്റിനു‘ അപേക്ഷിക്കാവുന്നതാണ്. ഇത്തരക്കാർക്ക് 14 മണിക്കൂറിൽ അധികം എമിറേറ്റിൽ തങ്ങണമെങ്കിൽ COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. എല്ലാ 14 ദിനം കൂടുമ്പോളും ഇവർക്ക് ടെസ്റ്റിംഗ് നിർബന്ധമാണ്. ops@adloc.gov.ae എന്ന ഇമെയിൽ വിലാസത്തിൽ ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാം.
ദിനവും അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കും, തിരികെയും ജോലി സംബന്ധമായി യാത്ര ചെയ്തിരുന്നവർക്കും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. COVID-19 പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിവിധ പ്രവർത്തകർക്കും ഈ നിബന്ധനകൾ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയിലെ കുടുംബങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നവർക്കും എമിറേറ്റിൽ പ്രവേശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. അബുദാബിയിൽ നിന്നുള്ളവരല്ലാത്ത, മറ്റു എമിറേറ്റുകളിൽ നിന്നുള്ള തൊഴിലാളികൾക്കു എമിറേറ്റിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ തുടരും.
എമിറേറ്റിലേക്കുള്ള പാതകളിലെ ചെക്പോയിന്റുകളിൽ പരിശോധനകൾ ഏർപ്പെടുത്തിയതായും, ഓരോ വാഹനങ്ങളും നിർത്തി പരിശോധിച്ച ശേഷം മാത്രമേ പ്രവേശിപ്പിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ COVID-19 നെഗറ്റീവ് റിസൾട്ട് ഇല്ലാത്തവർ അബുദാബിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അബുദാബിയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ നിലവിൽ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അബുദാബിയിലുടനീളം നിലവിൽ കൊറോണ വൈറസ് കേസുകൾ വളരെ കുറവായതിനാലും, എമിറേറ്റിലെ ഒട്ടുമിക്ക ആശുപത്രികളിലും മറ്റു ചികിത്സകൾ ആരംഭിച്ചതിനാലും, സമൂഹ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.