സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേരും വിദേശ തീർത്ഥാടകരായിരിക്കുമെന്ന് അധികൃതർ

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിദേശ തീർത്ഥാടകർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് ഈ വർഷം കൂടുതൽ വിദേശ തീർത്ഥാടകർക്ക് അനുമതി നൽകുന്നത്.

ഈ വർഷം ആഭ്യന്തര തീർത്ഥാടകരുടെ പങ്കാളിത്തം പതിനഞ്ച് ശതമാനമാക്കി നിജപ്പെടുത്തുന്നതാണ്. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു.

ഇതിൽ 850000 വിദേശ തീർത്ഥാടകർക്കും, 150000 ആഭ്യന്തര തീർത്ഥാടകർക്കുമായിരിക്കും അനുമതി നൽകുന്നതെന്നാണ് മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സുഗമമായി ഹജ്ജ് നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകുന്നതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 65 വയസിന് താഴെ പ്രായമുള്ളവർക്കാണ് പങ്കെടുക്കുന്നതിന് അനുമതി നൽകുന്നത്.