എക്സ്പോ 2020 ദുബായ്: ടെറ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു

UAE

എക്സ്പോ 2020 ദുബായ് വേദിയിലെ സുസ്ഥിരതാ പവലിയൻ ആയ ടെറ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനങ്ങളുടെ സുസ്ഥിരമായ ജീവിതശൈലി ശീലങ്ങളിൽ സ്വാധീനം ചെലുത്തുന്ന ആശയങ്ങൾ അവതരിപ്പിക്കുന്ന ഈ പവലിയൻ നമ്മുടെ ഭൂമിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന നാശങ്ങളെ ചൂണ്ടിക്കാട്ടുന്നു. പ്രതികരിക്കാൻ വളരെ വൈകുന്നതിന് മുമ്പ് മാറ്റമുണ്ടാക്കാൻ കഴിയുന്ന ശീലങ്ങൾ എല്ലാവർക്കും പകർന്ന് നൽകുന്നതിന് ഈ പവലിയൻ വഴി അധികൃതർ ലക്ഷ്യമിടുന്നു.

ഈ പവലിയൻ സന്ദർശിച്ച 95 ശതമാനം സന്ദർശകരും നല്ല മാറ്റത്തിനായി പ്രതിജ്ഞയെടുത്തതായി അധികൃതർ ചൂണ്ടിക്കാട്ടി. മാംസരഹിത ദിനങ്ങൾ മുതൽ സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നതിന് പകരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വരെയുള്ള പ്രതിജ്ഞകളോടെയാണ് സുസ്ഥിരതയ്ക്കായുള്ള സന്ദേശം ഈ പവലിയനിലെത്തുന്നവർ സ്വീകരിക്കുന്നത്.

ഒരു ദശലക്ഷം സന്ദർശനങ്ങൾ പൂർത്തിയാക്കിയ അവസരത്തിൽ പവലിയനിലെത്തിയ എല്ലാ സന്ദർശകർക്കും യു എ ഇയുടെ ദേശീയ വൃക്ഷവും സഹിഷ്ണുതയുടെ പ്രതീകവുമായ ഗാഫ് വിത്തുകളുടെ പാക്കറ്റുകൾ നൽകിക്കൊണ്ടാണ് ടെറ ആഘോഷിച്ചത്.

2022 മാർച്ച് 3-ന് സുസ്ഥിരതാ പവലിയനിൽ യു എ ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക വന്യജീവി ദിനം ആഘോഷിക്കുന്നതാണ്.

യു.എ.ഇ.യുടെ സുസ്ഥിരതയുടെ മേഖലയിലെ അനുഭവവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന സസ്റ്റൈനബിലിറ്റി പവലിയന്റെ മേലാപ്പ് ഗ്ലാസ് പാനലുകളിൽ ഉൾച്ചേർത്ത 6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ അൾട്രാ എഫിഷ്യന്റ് മോണോക്രിസ്റ്റലിൻ ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സന്ദർശകർക്ക് തണലും, പകൽ വെളിച്ചവും നൽകുന്നതിനൊപ്പം സൗരോർജ്ജം ഉപയോഗപ്പെടുത്താൻ ഈ കെട്ടിടത്തെ അനുവദിക്കുന്നു.

എക്സ്പോ 2020-യ്ക്ക് ശേഷവും നീണ്ടകാലത്തേക്ക് നിലനിൽക്കുന്ന രീതിയിലാണ് സസ്റ്റൈനബിലിറ്റി പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ലോക എക്സ്പോ അവസാനിച്ച ശേഷം സുസ്ഥിരമായ സമ്പ്രദായങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അതിന്റെ ദൗത്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സസ്റ്റൈനബിലിറ്റി പവലിയനെ ഒരു സയൻസ് മ്യൂസിയമാക്കി മാറ്റുന്നതാണ്.

WAM