ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ വാക്സിനേഷൻ യത്നം ആരംഭിച്ചത് മുതൽ ഏപ്രിൽ 22 വരെയുള്ള കാലയളവിൽ 10001241 ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളാണ് രാജ്യത്ത് നൽകിയത്.
ഈ കണക്കുകൾ പ്രകാരം രാജ്യത്തെ വാക്സിൻ വിതരണ നിരക്ക് 100 പേർക്കിടയിൽ 101.12 ഡോസ് എന്ന നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു. ഇത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനും പകർച്ചവ്യാധികളിൽ നിന്ന് കരകയറാനും ലക്ഷ്യമിട്ടുള്ള യു എ ഇയുടെ പ്രവർത്തനങ്ങൾക്ക് അടിവരയിടുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ പൂർണ്ണമായും സൗജന്യമായി നൽകുന്ന വാക്സിനുകളുടെ സുരക്ഷയിലും, ഫലപ്രാപ്തിയിലുമുള്ള ആത്മവിശ്വാസം ഇത് ഉയർത്തിക്കാട്ടുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളുടെയും, ആരോഗ്യമേഖലയുടെയും, എല്ലാ മുൻനിര പ്രവർത്തകരുടെയും ശ്രദ്ധേയമായ ശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ് വ്യക്തമാക്കി. രാജ്യത്തുടനീളം COVID-19 വാക്സിനേഷൻ യത്നം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിൻ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിലുള്ള അവബോധം ഉയർന്നതായും, ഇത് ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം നേടുന്നതിൽ ഏറെ സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന നാല് തരം COVID-19 വാക്സിനുകളും സുരക്ഷിതവും ഉയർന്ന കാര്യക്ഷമത ഉള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM