കൊറോണ വൈറസ് രോഗബാധിതരായ നൂറിലധികം പേർക്ക് ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം ജൂലൈ 3-നു അറിയിച്ചു. COVID-19 ബാധിച്ച ശേഷം, രോഗം ഭേദമായവരിൽ നിന്ന് ശേഖരിക്കുന്ന രക്തരസം ഉപയോഗിച്ചാണ് ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സ നൽകുന്നത്.
സൗദിയിലെ ഏതാനം ഗവേഷണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 512 ദാതാക്കളിൽ നിന്ന് ശേഖരിച്ച ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചാണ് ഈ ചികിത്സ നടപ്പിലാക്കുന്നത്. രോഗം ഭേദമായവരിൽ നിന്ന് സ്വീകരിക്കുന്ന ബ്ലഡ് പ്ലാസ്മയിൽ അടങ്ങിയിട്ടുള്ള ആന്റിബോഡികൾ ശരീരത്തിന് സുഖം പ്രാപിക്കുന്നതിന് സഹായകമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
രോഗം ഭേദമായ ഒരാളിൽ നിന്നുള്ള പ്ലാസ്മ, രോഗബാധയുള്ള ഒരാളിലേക്ക് നൽകുന്നതിലൂടെ, രോഗബാധിതന്റെ ശരീരം വൈറസിനെതിരെ സ്വയം പ്രതിരോധം തീർക്കുന്നു. ചൈനയിലും മറ്റും ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ചിട്ടയായ പഠനങ്ങളോ, ക്ലിനിക്കൽ ട്രയലുകളോ ഇതിന്റെ ഫലപ്രാപ്തി നിർണ്ണയിക്കുന്നതിനായി അധികം നടപ്പിലാക്കിയിട്ടില്ല. സൗദിയിൽ ഏപ്രിൽ മാസം മുതൽക്ക് ഒരു പ്രത്യേക മെഡിക്കൽ സംഘത്തിനു കീഴിൽ ഈ മേഖലയിൽ ഗവേഷണം നടന്നു വരികയാണ്.