ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തിയ പ്രഥമ ദുബായ് റൈഡ് 2020-ൽ 20000-ത്തിൽ പരം സൈക്കിളോട്ടക്കാർ പങ്കാളികളായി. ദുബായ് നഗരത്തിലെ പ്രധാന വീഥിയെ 14 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാക്കി മാറ്റിയ ദുബായ് റൈഡ്, ദുബായ് ഫിറ്റ്നസ് ചലഞ്ച് 2020-ന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. നവംബർ 20, വെള്ളിയാഴ്ച്ചയാണ് ദുബായ് റൈഡ് 2020 അരങ്ങേറിയത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ദുബായ് റൈഡിൽ പങ്കെടുത്തു. അതിരാവിലെ 5 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റൈഡിൽ പങ്കാളികളാകുന്ന സൈക്കിളോട്ടക്കാർ എത്തിതുടങ്ങിയിരുന്നു. ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരുന്നത്. 14 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന ട്രാക്കും, 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും സൈക്കിളോട്ടക്കാർക്ക് ഹരം പകർന്നു.
ദുബായ് റൈഡിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പങ്കാളിത്തത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഷെയ്ഖ് ഹംദാൻ അഭിപ്രായപ്പെട്ടു. ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ ഉണ്ടായിട്ടുള്ള അവബോധം ഇത് ചൂണ്ടികാണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ദുബായ് റൈഡിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൻറെ ഇരു വശത്തേക്കുമുള്ള പാത സൈക്കിളോട്ടക്കാർക്ക് മാത്രമായി തുറന്ന് കൊടുക്കുകയായിരുന്നു. അന്താരാഷ്ട്ര കായികതാരങ്ങളും, വിവിധ സൈക്കിൾ ക്ലബ്ബുകളിലെ അംഗങ്ങളും, സാധാരണക്കാരും ഈ റൈഡിൽ പങ്കെടുത്തു. സൂക്ക് അൽ ബഹർ, ദുബായ് ഓപ്പറ, ദുബായ് ഫൗണ്ടൈൻ, ബുർജ് ഖലീഫ എന്നിവയ്ക്ക് ചുറ്റുമായി ഒരുക്കിയ 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്ക് കുടുംബങ്ങളും, കുട്ടികളും വളരെയേറെ ആസ്വദിച്ചു.
ദുബായ് ഫിറ്റ്നസ് ചലഞ്ച് 2020 നവംബർ 28 വരെ തുടരുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.dubaifitnesschallenge.com/ എന്ന വിലാസത്തിൽ ലഭ്യമാണ്.