ഒമാൻ: മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

Oman

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 86 ശതമാനം പേർ ഒമാനിൽ ഇതുവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. 93 ശതമാനം പേർ ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന് അർഹതയുള്ള രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയ, പതിനെട്ട് വയസ്സും, അതിനുമുകളിലും പ്രായമുള്ള, മുഴുവൻ പേർക്കും മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഡിസംബർ 13, തിങ്കളാഴ്ച്ച മുതൽ ഒമാനിൽ ആരംഭിച്ചിരുന്നു.