സൗദി: 24 മണിക്കൂറിനിടയിൽ 4.5 ലക്ഷത്തിലധികം പേർ ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കി

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി 24 മണിക്കൂറിനിടയിൽ നാലരലക്ഷത്തിലധികം പേർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 60 ശതമാനം പേർ പുരുഷന്മാരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു.

രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്.

നിലവിൽ സൗദിയിലുള്ള 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായ പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും, ഇവർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല.

ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും പ്രത്യേകമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരായ രക്ഷകർത്താക്കൾ കൂടാതെ മറ്റു സ്ത്രീകൾക്കൊപ്പം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ സൗദിയിലുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുൽ ഫത്താഹ് മഷാത് വ്യക്തമാക്കി. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പൗരത്വം അടിസ്ഥാനമാക്കി പ്രത്യേക പരിഗണനകൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ഹജ്ജ് അനുഷ്ഠിക്കാൻ അവസരം ലഭിക്കാത്ത, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വർഷത്തെ തീർത്ഥാടന കാലയളവിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പുണ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.