യു എ ഇ: രാജ്യത്തെ അമ്പത് ശതമാനത്തിൽ കൂടുതൽ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

UAE

യു എ ഇയിലെ അമ്പത് ശതമാനത്തിലധികം നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. മാർച്ച് 16-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന 52.46 ശതമാനം പേർക്ക് രാജ്യത്ത് ഇതുവരെ വാക്സിൻ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായവരും, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായുള്ള വിഭാഗത്തിൽ പെടുന്ന 70.21 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ 205 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി 7 ദശലക്ഷത്തോളം ഡോസ് COVID-19 വാക്സിനാണ് ഇതുവരെ നൽകിയിട്ടുള്ളത്. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക് രേഖപ്പെടുത്തുന്ന രാജ്യമായി യു എ ഇ മാറിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ പേർക്കും എത്രയും വേഗം വാക്സിൻ നൽകുന്നതിനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ചും NCEMA അറിയിപ്പ് നൽകിയിട്ടുണ്ട്.