ഒമാൻ: 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് COVID-19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് COVID-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി. ഒമാനിലെ ഷബീബ എഫ് എം റേഡിയോ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്. ഇവർക്കെല്ലാം സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബാംഗങ്ങൾക്കിടയിലെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ചകളാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചാൽ തീർത്തും ഒഴിവാക്കാവുന്ന ഇത്തരം രോഗവ്യാപനം, രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ, പ്രത്യേകിച്ചും ഒമാൻ പൗരന്മാരുടെ ഇടയിൽ, വലിയ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ ഇടയിൽ, ഇത്തരം ആരോഗ്യ സുരക്ഷകൾ അവഗണിക്കുന്ന പ്രവണത വൈറസ് വ്യാപനം രൂക്ഷമാക്കുന്നു.”, അദ്ദേഹം ആശങ്ക പങ്ക് വെച്ചുകൊണ്ട് അറിയിച്ചു.

“ഇത്തരത്തിൽ സുരക്ഷാ നിർദ്ദേശങ്ങളിലെ അവഗണന മൂലമുള്ള രോഗവ്യാപനം, രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.”, അൽ ഹോസ്നി മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരോട് എത്രയും വേഗത്തിൽ COVID-19 പരിശോധനകൾ നടത്തുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു.

പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കൊറോണ ബാധിതരല്ലെന്ന് ഉറപ്പാക്കുന്നതിനായി ടെസ്റ്റിംഗിന് വിധേയരാകാനും, പരിശോധനാ ഫലം ലഭിക്കുന്നതു വരെ മറ്റുള്ളവരുമായി ഇടപഴകാതെ സ്വയം ഐസൊലേഷനിൽ തുടരണമെന്നും അൽ ഹോസ്നി ആവശ്യപ്പെട്ടു. കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കൊണ്ട് കൊറോണ വൈറസ് രോഗബാധ ഒഴിവാക്കാമെന്ന് അദ്ദേഹം സമൂഹത്തെ ഓർമ്മപ്പെടുത്തി.