രണ്ട് മാസത്തിനിടയിൽ ഏഴായിരത്തിലധികം യാത്രികർ മസ്കറ്റിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് ഉപയോഗിച്ചതായി മുവാസലാത് അറിയിച്ചു. 2023 ഡിസംബർ 19-നാണ് മുവാസലാത് ഇക്കാര്യം അറിയിച്ചത്.
ഈ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച 2023 ഒക്ടോബർ 1 മുതൽ 2023 നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കാലയളവിൽ 7000-ൽ പരം യാത്രികർ ഈ സർവീസ് ഉപയോഗിച്ചതായും, സീറ്റ് ഒക്യൂപൻസി നിരക്ക് 118 ശതമാനമാണെന്നും മുവാസലാത് ചൂണ്ടിക്കാട്ടി.
മസ്കറ്റ് – അൽ ഐൻ – അബുദാബി ബസിൽ 2023 നവംബറിൽ മാത്രം അയ്യായിരത്തോളം യാത്രികർ സഞ്ചരിച്ചതായി മുവാസലാത് കൂട്ടിച്ചേർത്തു.
മസ്കറ്റിൽ നിന്ന് ആരംഭിക്കുന്ന 202 എന്ന ഈ ബസ് റൂട്ട് അൽ ബുറൈമി, അൽ ഐൻ വഴിയാണ് അബുദാബിയിലേക്ക് സർവീസ് നടത്തുന്നത്.