സൗദി: ഇതുവരെ ഒരു ദശലക്ഷത്തിൽ പരം ആളുകൾ ഉംറ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്‌തു

Saudi Arabia

സൗദി പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ഇതുവരെ ഒരു ദശലക്ഷത്തിൽ പരം ആളുകൾ ഉംറ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്‌തതായി ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്തഹ് മാസത് അറിയിച്ചു. സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna-യിലൂടെയാണ് ഇത്തരം രജിസ്‌ട്രേഷൻ നടത്തുന്നത്. സൗദിയിലെ ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉംറ തീർത്ഥാടനം പുരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, തീർത്ഥാടകരിൽ COVID-19 കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18, ഞായറാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ദിനംപ്രതി 15000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുന്നത്.

ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ തീർത്ഥാടന പെർമിറ്റിനൊപ്പം ഗ്രാൻഡ് മോസ്‌ക്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും, പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും ഇപ്പോൾ അധികമായി ഉൾപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.