സൗദി: ആറ് മാസത്തിനിടയിൽ ഒമ്പത് ലക്ഷത്തിലധികം വർക്ക് വിസകൾ അനുവദിച്ചു

Saudi Arabia

2021-ലെ ആദ്യ പകുതിയുടെ അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 953000-ൽ പരം പുതിയ വർക്ക് വിസകൾ അനുവദിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നൽകിയ കണക്കുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 512000-ത്തോളം വിസകളും, രണ്ടാമത്തെ മൂന്ന് മാസങ്ങളിൽ 440000-ത്തോളം വിസകളുമാണ് വിദേശികൾക്കായി അനുവദിച്ചിരിക്കുന്നത്. 2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ നാല് ലക്ഷത്തോളം പുരുഷന്മാർക്കും, ഒരു ലക്ഷത്തിപതിനായിരത്തിലധികം സ്ത്രീകൾക്കും വിസകൾ അനുവദിച്ചിട്ടുണ്ട്.

ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ 298000 വിസകളാണ് അനുവദിച്ചിരിക്കുന്നത്. 212000 വിസകൾ ഗാർഹിക ജീവനക്കാർക്കാണ് അനുവദിച്ചിരിക്കുന്നത്. സൗദിയിലെ സർക്കാർ മേഖലയിൽ ഏതാണ്ട് ആയിരത്തോളം വിസകൾ മാത്രമാണ് 2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ അനുവദിച്ചിരിക്കുന്നതെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

Cover Photo: Saudi Press Agency.