രാജ്യത്തെ പള്ളികളിൽ നവംബർ 1, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം (മദ്ധ്യാഹ്ന നമസ്കാരം) പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) വ്യക്തമാക്കി. ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന് നേതൃത്വം നൽകുന്ന നാഷണൽ ടാസ്ക്ഫോഴ്‌സിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം.
ഓഗസ്റ്റ് 28, വെള്ളിയാഴ്ച്ച മുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ബഹ്‌റൈനിലെ പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്ന പ്രക്രിയ പടിപടിയായി നടപ്പിലാക്കി വരികയാണ്. മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എന്ഡോവെമെന്റ്സിന്റെ തീരുമാന പ്രകാരം ആദ്യ ഘട്ടത്തിൽ ഓഗസ്റ്റ് 28 മുതൽ ദിനവും ഫജ്ർ നമസ്കാരത്തിനായി മാത്രം വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
SCIA-യുടെ ഈ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ നവംബർ 1 മുതൽ വിശ്വാസികൾക്ക് ഫജ്ർ, ദുഹ്ർ നമസ്കാരങ്ങൾക്കായി പള്ളികളിലെത്താവുന്നതാണ്. പള്ളികളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് SCIA ആവശ്യപ്പെട്ടിട്ടുണ്ട്.