യു എ ഇയിലെ വ്യാവസായിക മേഖലകളിലെയും, തൊഴിലാളികളുടെ താമസയിടങ്ങളിലെയും പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) എന്നിവർ സംയുക്തമായാണ് ഇക്കാര്യം ഓഗസ്റ്റ് 28-നു രാത്രി പ്രഖ്യാപിച്ചത്.
യു എ ഇയിലെ നിലവിൽ തുറന്നു കൊടുത്തിട്ടുള്ള പള്ളികൾക്ക് ബാധകമാക്കിയിട്ടുള്ള അതേ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയാണ് വ്യാവസായിക മേഖലകളിലെയും, തൊഴിലാളികളുടെ താമസയിടങ്ങളിലെയും പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നത്. പരമാവധി ശേഷിയുടെ 30 ശതമാനം പേർക്കായിരിക്കും പ്രവേശിക്കാൻ അനുവാദം നൽകുക.
പ്രാർത്ഥനകൾക്കെത്തുന്നവർ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
- വിശ്വാസികൾ തമ്മിൽ 3 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കണം.
- പള്ളികളുടെ പ്രവേശന കവാടങ്ങളിലും മറ്റും ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണം.
- ഹസ്തദാനം മുതലായവ ഒഴിവാക്കണം.
- സോപ്പ്, വെള്ളം, സാനിറ്റൈസർ മുതലായവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.
- പ്രാർത്ഥനകൾക്കെത്തുന്നവർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
- വിശുദ്ധ ഖുർആൻ പാരായണത്തിനായി ഓരോ വിശ്വാസികളും തങ്ങളുടെ സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കണം.
- പള്ളികളിൽ എത്തുന്നവരെല്ലാം അൽഹൊസൻ ആപ്പ് ഉപയോഗിക്കേണ്ടതാണ്.
COVID-19 പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അടച്ചിട്ടിരുന്ന യു എ ഇയിലെ പള്ളികളും, മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറന്ന് കൊടുത്തിരുന്നെങ്കിലും, വ്യാവസായിക മേഖലകൾ, തൊഴിലാളികളുടെ താമസയിടങ്ങൾ, പൊതു പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിലെ പള്ളികൾക്ക് തുറക്കാൻ അനുവാദം നൽകിയിരുന്നില്ല.
തുറന്നു കൊടുത്ത ആരാധനാലയങ്ങളിൽ, പരമാവധി ശേഷിയുടെ 30 ശതമാനം പേർക്കായിരുന്നു ആദ്യ ഘട്ടത്തിൽ പ്രവേശിക്കാൻ അനുവാദം നൽകിയിരുന്നത്. ഓഗസ്റ്റ് 3 മുതൽ രാജ്യത്തെ പള്ളികളിലേക്ക് പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പ്രവേശനാനുവാദം നൽകാൻ പിന്നീട് തീരുമാനിച്ചിരുന്നു.