രാജ്യത്തിന്റെ മലമ്പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയ്ക്കും താഴേയ്ക്ക് പോകാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2022 ഡിസംബർ 8-ന് വൈകീട്ടാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
2022 ഡിസംബർ 10, 11 ദിനങ്ങളിലാണ് അന്തരീക്ഷ താപനില താഴാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ ദിശയിൽ വീശിയടിക്കുന്ന കാറ്റ് മൂലം വരുന്ന ശനി, ഞായർ ദിനങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും, മലനിരകളിലെ താപനില മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താഴാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി മലമ്പ്രദേശങ്ങളിൽ മഞ്ഞ് പൊഴിയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒമാനിലെ മരുഭൂമേഖലകളിൽ നിലവിലെ താപനിലയിൽ നിന്ന് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Pixabay.