അബുദാബി: രാത്രികാല യാത്രാ നിയന്ത്രണം ജൂലൈ 19 മുതൽ; അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാൻ പെർമിറ്റ് നിർബന്ധം

GCC News

എമിറേറ്റിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്. ജൂലൈ 19 മുതൽ ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂലൈ 15-ന് രാത്രി അറിയിച്ചിരുന്നു.

https://twitter.com/admediaoffice/status/1416775312587870208

ജൂലൈ 19 മുതൽ ഏർപ്പെടുത്തുന്ന ദിനംതോറുമുള്ള അഞ്ച് മണിക്കൂർ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കുന്നതല്ല. കർഫ്യു കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ തുടരണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാൻ പെർമിറ്റ് നിർബന്ധം

ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ മരുന്ന്, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അബുദാബി പൊലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്.

ഈ വെബ്‌സൈറ്റിൽ ‘Move Permit Request‘ എന്ന ബട്ടണിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ നമ്പർ നൽകിയശേഷം, OTP വെരിഫിക്കേഷൻ പൂർത്തിയാക്കി ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്ക്, പെർമിറ്റ് അനുവദിക്കപ്പെട്ടോ എന്നത് സംബന്ധിച്ച് അബുദാബി പോലീസിൽ നിന്നുള്ള സ്ഥിരീകരണ സന്ദേശം ലഭിച്ച ശേഷം മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റഡാറുകൾ പ്രവർത്തനക്ഷമമാക്കും

അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് റഡാറുകൾ ഉപയോഗിച്ച് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി അബുദാബി പോലീസിൽ നിന്ന് ദിനംപ്രതിയുള്ള പ്രത്യേക അറിയിപ്പുകൾ ഉണ്ടാകില്ലെന്നും, അതിനാൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിലും 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം, എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Cover Image: WAM