ബഹ്‌റൈൻ: മുഹറഖ് മുൻസിപ്പാലിറ്റിയുടെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അടച്ചിടും

Bahrain

മുഹറഖ് മുൻസിപ്പാലിറ്റിയുടെ ബുസൈത്തീനിലെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അറ്റകുറ്റപണികൾക്കും, അണുനശീകരണത്തിനുമായി അടച്ചിടാൻ തീരുമാനിച്ചതായി മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. COVID-19 സുരക്ഷാ നടപടികളും, മുൻകരുതലുകളും ശക്തമാക്കുന്നതിനാണ് ഈ തീരുമാനമെന്ന് മുഹറഖ് മുൻസിപ്പാലിറ്റി അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ആവശ്യമായ കൊറോണ വൈറസ് പ്രതിരോധ നടപടികൾ ഈ കാലയളവിൽ മുൻസിപ്പൽ കെട്ടിടത്തിൽ നടപ്പിലാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മുൻസിപ്പൽ ഓഫീസ് അടച്ചിടുന്ന കാലയളവിൽ, വിവിധ വകുപ്പുകളിലെ മുഴുവൻ ജീവനക്കാരും, വീടുകളിൽ നിന്ന് ഓൺലൈനിലൂടെ തങ്ങളുടെ സേവനങ്ങൾ തുടരുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾക്കായി https://www.mun.gov.bh/portal/ എന്ന ഔദ്യോഗിക സംവിധാനം ഉപയോഗിക്കാവുന്നതാണ്.

അതേസമയം, ബഹ്‌റൈനിലെ വടക്കൻ ഗവർണറേറ്റിൽ COVID-19 വ്യാപനം തടയുന്നതിനായുള്ള ശുചീകരണ പ്രവർത്തനങ്ങളും, അണുനശീകരണ നടപടികളും ആരംഭിച്ചിട്ടുണ്ട്. ശുചീകരണ നടപടികളോടൊപ്പം, ഈ മേഖലയിലെ ജനങ്ങളുടെ ഇടയിൽ കൊറോണ വൈറസ് പ്രതിരോധ മാർഗങ്ങളെക്കുറിച്ചും, അണുനശീകരണ പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ചും, ഈ പ്രവർത്തനങ്ങൾ അവബോധം നൽകും.