കള്ള് ഷാപ്പിലെ രുചികൾ എന്നും മലയാളികൾക്ക് പ്രിയം ആണ്. നല്ല എരിവും പുളിയും ഉള്ള കറികളും, മറ്റു ചായക്കടകളിൽ ലഭിക്കാത്ത ഒരു സന്തോഷവും ആണ് കള്ള് ഷാപ്പുകളെ ആളുകളുടെ മനസ്സിൽ നിർത്തുന്നത്.
കേരളത്തിലെ ഏറ്റവും നല്ല കള്ളുഷാപ്പുകളെക്കുറിച്ച് ചോദിച്ചാൽ തൃപ്പുണിത്തുറ അടുത്തുള്ള മുല്ലപ്പന്തൽ ഷാപ്പ് ആ ലിസ്റ്റിൽ മിക്കവാറും കാണും. പണ്ടത്തെ രുചിയും സന്തോഷവും അവിടെ ഇപ്പൊ ഇല്ല എന്ന പരാതി അടുത്തിടെ പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആളുകൾ ഇപ്പോഴും മുല്ലപ്പന്തൽ ഷാപ്പിനു ഒരു പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്.
പണ്ട് അവിടെ ഒരു മുല്ല പന്തൽ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ ഷാപ്പിനു മുല്ലപ്പന്തൽ ഷാപ്പ് എന്ന് പേര് വന്നത് എന്നാണു പറയുന്നത്. ഏതായാലും ഞങ്ങൾ അവിടെ പോയത് ഒരു രണ്ടു വർഷം മുൻപാണ് – ഞാൻ ആദ്യമായി വീഡിയോ ചെയ്യാൻ പോയ ഒരു കള്ള് ഷാപ്പ്. അതിനു ശേഷം മറ്റു പല കള്ളുഷാപ്പുകളിലും പോയി ഇതിലും നല്ല രുചി ആസ്വദിച്ചിട്ടുണ്ട്, പക്ഷെ ആദ്യമായി പോയി വീഡിയോ ചെയ്തതുകൊണ്ടാവും ഇപ്പോഴും മുല്ലപ്പന്തൽ മനസ്സിൽ നിൽക്കുന്നത്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഷാപ്പിലെ രുചി എന്ന് പറഞ്ഞാൽ ആളുകൾ മുഖം ചുളിക്കുമായിരുന്നു. ഇന്ന് പക്ഷെ അങ്ങനെ അല്ല; പല ഷാപ്പുകളിലും കുടുംബമായി പോയി ആഹാരം കഴിക്കുവാനുള്ള സൗകര്യം ഉണ്ട്, വൃത്തിയുടെ കാര്യത്തിൽ ചില ഷാപ്പുകൾ എങ്കിലും ശ്രദ്ധിക്കുവാൻ തുടങ്ങിയിട്ടുണ്ട് (മറ്റു ഷാപ്പുകളും ഇനി മുതൽ ശ്രദ്ധിക്കുമായിരിക്കും), രുചിയുടെ കാര്യത്തിൽ ആണെങ്കിലും മിക്ക ഷാപ്പുകളും ഇപ്പൊ നന്നായി വരുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും കുറെയേറെ ഷാപ്പുകളിൽ വില അവർക്കു തോന്നുന്ന രീതിയിൽ ആണ് എന്ന പരാതി ഇല്ലാതെയില്ല. പല ഷാപ്പുകളിലും വില വിവര പട്ടിക പോലും ഇല്ല. എന്തായാലും ഷാപ്പിലെ രുചി എന്നും നാവിനും മനസ്സിനും ഒരു സുഖാ.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്‌ളോഗർ അല്ലെങ്കിൽ ഫുഡ് വ്‌ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്‌ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.