ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 26-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, റമദാനിലെ ശേഷിക്കുന്ന ദിനങ്ങളിൽ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് പുലർച്ചെ 4.30 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുന്നതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 2022 ഏപ്രിൽ 29, വെള്ളിയാഴ്ച മാർക്കറ്റ് പ്രവർത്തിക്കുന്നതാണ്.
ഏപ്രിൽ 29-ന് മൊത്തക്കച്ചവടക്കാർക്കും, ചില്ലറവില്പനക്കാർക്കും, ഉപഭോക്താക്കൾക്കും മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. മൊത്തക്കച്ചവടക്കാരുടെ മാർക്കറ്റിലേക്കുള്ള പ്രവേശനം പതിവ് പോലെ ഗേറ്റ് 1-ലൂടെ തുടരുന്നതാണ്. ഉപഭോക്താക്കൾക്ക് ഗേറ്റ് 2-ലൂടെയാണ് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ സെൻട്രൽ മാർക്കറ്റ് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ താഴെ പറയുന്ന പ്രവർത്തനസമയ പ്രകാരം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്:
- മൊത്തക്കച്ചവടക്കാർക്ക് – രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. പ്രവേശനം ഗേറ്റ് 1-ലൂടെ.
- ഉപഭോക്താക്കൾക്ക് – രാവിലെ 5 മുതൽ രാത്രി 10 വരെ. പ്രവേശനം ഗേറ്റ് 2-ലൂടെ.
- വെള്ളിയാഴ്ചകളിൽ മാർക്കറ്റ് അവധിയായിരിക്കും.
Cover Photo: @M_Municipality