ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു

Oman

മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പിന് അർഹരായവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 11-ന് രാത്രിയാണ് മസ്‌കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ഇക്കാര്യം അറിയിച്ചത്.

സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മാത്രമാണ് നിലവിൽ ആദ്യ ഡോസ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. മുൻഗണനാ ക്രമപ്രകാരം, പൊതുജനങ്ങളിൽ രണ്ടാം ഡോസിന് അർഹരായവർക്കാണ് കുത്തിവെപ്പ് നൽകുന്നത്. മറ്റു വിഭാഗങ്ങൾക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അധികൃതർ പിന്നീട് നൽകുന്നതാണ്.

രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് 2021 ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.