ജൂലൈ 31, വെള്ളിയാഴ്ച്ച മുതൽ റുവി മാർക്കറ്റിൽ, വാരാന്ത്യങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ, രാവിലെ 7 മുതൽ വൈകീട്ട് 6 വരെ ഇവിടെ വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന് ജൂലൈ 29-നു പുറത്തിറക്കിയ അറിയിപ്പിലൂടെ മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
“റുവി മാർക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ മസ്‌കറ്റ് മുൻസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നു. സുപ്രീം കമ്മിറ്റി തീരുമാനങ്ങൾക്കനുസൃതമായാണ് മുൻസിപ്പാലിറ്റി ഈ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും റുവി മാർക്കറ്റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.”, മുൻസിപ്പൽ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.
ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് വൈകീട്ട് നിലനിൽക്കുന്ന യാത്രാ വിലക്കുകൾ കണക്കിലെടുത്താണ് റുവിയിലെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാക്കിയിട്ടുള്ളത്. രാജ്യത്ത് COVID-19 രോഗവ്യാപനമുണ്ടായ സാഹചര്യത്തിൽ റുവി മാർക്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് വാരാന്ത്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു.