ഏതാനം പ്രവർത്തന മേഖലകളിൽ നിന്ന് 2021 ഡിസംബർ 31 വരെ ടാക്സ് പിരിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ മേഖലകൾക്ക് നികുതി ഒഴിവാക്കി നൽകുന്നതിനുള്ള തീരുമാനം.
മാർച്ച് 25-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് മുൻസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഹോട്ടലുകൾ, ടൂറിസ്റ്റ് റസ്റ്ററന്റുകൾ, സിനിമാശാലകൾ, വിനോദ കേന്ദ്രങ്ങൾ മുതലായ മേഖലകൾക്കാണ് നികുതി താത്‌കാലികമായി ഒഴിവാക്കി നൽകിയിരിക്കുന്നത്.
വാണിജ്യ മേഖലയിൽ COVID-19 രോഗബാധമൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധിയിൽ നിന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് കരകയറുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.