നവംബർ 1 മുതൽ നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഇത്തരം ഇടങ്ങളിൽ പാർക്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും, ഫീസുകൾ നൽകുന്നതിനുമായി വാഹന ഉടമകൾ ഓൺലൈൻ, അല്ലെങ്കിൽ മൊബൈൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.
സെൻട്രൽ ബിസിനസ് ഡിസ്‌ട്രിക്‌ട്, റുവി മാർക്കറ്റ്, അൽ ഫർസാൻ സ്ട്രീറ്റ്, മത്ര സൂഖ്, അൽ ബഹ്‌രി സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വാഹന ഉടമകൾക്ക് തങ്ങളുടെ മൊബൈലിൽ നിന്ന് 90091 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ ഉൾപ്പടെ SMS ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ മൊബൈലിലൂടെ പാർക്കിംഗ് സേവനം തിരഞ്ഞെടുക്കുന്നവർക്ക് SMS വഴി പാർക്കിംഗ് ടിക്കറ്റ് നമ്പർ, വാഹനത്തിന്റെ നമ്പർ, സമയം എന്നിവ ലഭിക്കുന്നതാണ്. 90091 എന്ന നമ്പറിലേക്ക് വീണ്ടും SMS അയച്ചു കൊണ്ട് ആവശ്യമെങ്കിൽ പാർക്കിംഗ് സമയം നീട്ടിയെടുക്കാവുന്നതാണ്.